Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അംഗീകരിക്കുന്നതിന് പകരം കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള സിപിഎം നടപടികള്‍ പ്രതിഷേധാര്‍ഹവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതിന് യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച അംഗത്തെ സിപിഎം വിലയ്ക്കെടുത്തത് എങ്ങനെയെന്നതു തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. അധികാരസ്ഥാനവും ലക്ഷക്കണക്കിന് രൂപയും വാഗ്ദാനം ചെയ്തും നല്‍കിയും അധികാരത്തുടര്‍ച്ചയ്ക്ക് വേണ്ടി സിപിഎം നടത്തിയ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടികള്‍ അവരുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നിട്ടുള്ളത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലും കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനും സിപിഎം നടത്തിയ കുതന്ത്രങ്ങളും കുടിലബുദ്ധിയും അവരുടെ ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വടക്കാഞ്ചേരിയിലെ ഗുരുതരമായ കുറ്റകൃത്യത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കാളികളായവരെ അറസ്റ്റ് ചെയ്തു നിയമനടപടി സ്വീകരിക്കണം. ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള ധൈര്യം സിപിഎം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടെടുപ്പ് ദിനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് രംഗത്തെത്തിയത്.
ഇതേ തുടർന്ന് അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് കേസില്‍ സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ടി. സിദ്ദിഖ് എംഎൽഎ വിഷയത്തിൽ പ്രതികരിച്ചത്.
Kerala
കൽപ്പറ്റ: കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണ്.
തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും ദേശീയപാതയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെയും വാസുവിനെയും സിപിഎം ഭയക്കുന്നുണ്ട്. അതിനാലാണ് അവർക്കെതിരെ നടപടി എടുക്കാത്തത്.
പാർട്ടി നടപടി സ്വീകരിച്ചാൽ പത്മകുമാറും വാസുവും സത്യം വെളിപ്പെടുത്തും. ഇത് ഒഴിവാക്കാനാണ് ഇരുവരെയും പാർട്ടി സംരക്ഷിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി നടത്തുന്ന അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. പത്തനംതിട്ട പ്രസ്ക്ലബ്ബിൽ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേസന്വേഷണം എസ്ഐടി മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണ്. കേസിൽ കൂടുതൽ ഉന്നതരുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും അവരിലേക്ക് അന്വേഷണം എത്തുന്നില്ല. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചുകൂടിയാണ് അന്വേഷണ ഉദ്യോഗസ്ഥർ പെരുമാറുന്നത്. പ്രതികൾക്ക് സല്യൂട്ട് നൽകുന്ന സ്ഥിതിയാണ്.
പ്രതികൾക്ക് ശിക്ഷ കിട്ടണമെങ്കിൽ തെളിവുകൾ അനിവാര്യമാണ്. എന്നാൽ നഷ്ടപ്പെട്ട സ്വർണം എത്രയാണെന്നോ കവർന്ന സ്വർണം ആർക്ക് വിറ്റുവെന്നോ വ്യക്തമല്ല. നഷ്ടമായ സ്വർണം തൊണ്ടിയായി വീണ്ടെടുക്കണം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റുമാരായ എ. പത്മകുമാറും എൻ. വാസുവും ജയിലിലാണ്. ഇവർക്കെതിരേയുള്ള നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മിണ്ടുന്നില്ല. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ എ. പത്മകുമാറിനെതിരേ രണ്ട് കേസുകൾ ചുമത്തിയിട്ടും നടപടി ഉണ്ടായില്ല.
തങ്ങളുടെ ആളുകളെക്കുറിച്ച് സിപിഎമ്മിനു വ്യക്തമായ ബോധ്യമുള്ളതിനാലാണ് എല്ലാവരെയും ഒഴിവാക്കി കെ. ജയകുമാറിനെ പ്രസിഡന്റാക്കിയത്. ശബരിമലയിലെത്തിയാൽ സിപിഎം നോമിനികളായ ദേവസ്വം ബോർഡ് ഭാരവാഹികളുടെയും മന്ത്രിയുടെയും ഒക്കെ കണ്ണ് സ്വർണത്തിലാണ്.
ശബരിമല സ്വർണക്കൊള്ളയിൽ ഇഡിയുടെ ഇടപെടലും ദുരൂഹമാണ്. കേരളത്തിൽ ഇഡി നടത്തുന്ന ഇടപെടലുകളും അന്വേഷണങ്ങളുമൊക്കെ സിപിഎമ്മിനു സഹായകരമായിട്ടുള്ളതാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ 23,000ലധികം വരുന്ന വാർഡുകൾക്ക് വികസന ഫണ്ട് നൽകുവാനുള്ള യുഡിഎഫ് പ്രകടന പത്രികയിലെ നിർദേശത്തെ തോമസ് ഐസക്ക് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എതിർക്കുന്നത് അധികാര വികേന്ദ്രീകരണത്തോടുള്ള അവരുടെ അസഹിഷ്ണുതമൂലമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ.
താഴെത്തട്ടിൽ വികസനം വരുന്നതിനെയാണിവർ യഥാർഥത്തിൽ എതിർക്കുന്നത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം ചുട്ടമറുപടി നല്‍കും. അവികസിത മേഖലകളിൽ വികസനം എത്തിക്കുക എന്ന വിപ്ലവകരമായ ആശയമാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. ഇതിനെ എതിർക്കുന്നവരെ വികസന വിരുദ്ധർ എന്നല്ലാതെ മറ്റെന്ത് വിളിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകിയതിനു പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതി നിയമാനുസൃതമായ നടപടികൾക്ക് വിധേയമാകട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കുറച്ചു കാലമായി ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. ആ വിഷയം ഉയർന്നപ്പോൾതന്നെ രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പോലീസിന്റെ അന്വേഷണം കുറച്ചുനാളായി നടക്കുകയാണ്. എന്നാൽ അന്വേഷണം എവിടെയും എത്തിയിട്ടില്ല.
ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് വാർത്തകളിൽ കാണുന്നു. ആ പരാതി നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വൈഷ്ണ സുരേഷിന് വോട്ടവകാശം പുനസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ഇത് നിയമവാഴ്ചയുടെ വിജയമാണ്. സിപിഎമ്മിന്റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്. കോര്പ്പറേഷന് സെക്രട്ടറിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിക്കരുതെന്ന് ഞാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സിപിഎമ്മിന്റെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ സംവിധാനം നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമായി വൈഷ്ണയുടെ വോട്ടവകാശം നിഷേധിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.
വൈഷ്ണയ്ക്ക് കോടതി ചെലവ് നല്കാന് തിരുവനന്തപുരം കോര്പ്പറേഷന് ബാധ്യസ്ഥമാണ്. കോടതിയുടെ നീതിയുക്തവും സമയോചിതവുമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വൈഷ്ണയ്ക്ക് സ്ഥാനാർഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു.
ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണാധികാരികളും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും സന്പൂർണ പരാജയമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഇക്കാര്യം പരസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പ്രതികരണം.
ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതിൽ ഗുരുതര വീഴ്ചയാണുണ്ടായത്.വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം നടത്താത്തത് ശബരിമലയിൽ സ്ഥിതി വഷളാക്കി.മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവച്ചു.
അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും ക്രമീകരണം ഒരുക്കിയില്ല. തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുഗമമായ അയ്യപ്പ ദർശനം ഒരുക്കാൻ സർക്കാർ തയാറകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി 12ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ശബരിമല സ്വർണ കവർച്ചയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ളയെന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വർണ കവർച്ചയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്.
ദേവസ്വം മന്ത്രിയും ബോർഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കെ.എസ്. ശബരീനാഥന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. താൻ അറിയാത്ത കാര്യമാണ് ശബരിനാഥന്റെ സ്ഥാനാർഥിത്വമെന്നും കാര്യങ്ങൾ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊള്ളുമെന്നും അദേഹം കൂട്ടിച്ചേർത്തു.
അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം തെരഞ്ഞെടുപ്പ് കുതന്ത്രമാണ്. നിലവിൽ ഉള്ള ആനുകൂല്യങ്ങൾ കൂടി ഇല്ലാതാക്കും. എൽഡിഎഫിന്റെ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കിയെ മാറ്റി. ബഹുജന സംഘടനകൾക്കൊപ്പം പ്രതിഷേധത്തിൽ അണിചേരും. സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനുള്ള സർക്കാർ തീരുമാനം സിപിഐയെ മയക്കാനുള്ള മയക്കുവെടി മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മയക്കുവെടിയേറ്റോ എന്ന് പറയേണ്ടത് സിപിഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ഒത്തുതീർപ്പിന് വേണ്ടിയുള്ള അടവുനയം മാത്രമാണിത്. ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിനേ അവകാശമുള്ളൂ. മരവിപ്പിക്കാം എന്ന നിർദേശം പ്രായോഗികമല്ല. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ബിജെപി- സിപിഎം ഒത്തുകളി പകൽ പോലെ വ്യക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതോടെ കേരളത്തിലെ സ്കൂളുകളെ ആര്‍എസ്എസ് ശാഖകളാക്കിമാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമായാണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് തന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങൾക്കാണ് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകുന്നത്.
അതിനാലാണ് കേരളവും അതീവരഹസ്യമായി പിഎം ശ്രീയുടെ ഭാഗമായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പിഎം ശ്രീ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പദ്ധതി ആരംഭിച്ചത് മുതൽ ശക്തമായി എതിർത്തിരുന്ന പിണറായി സർക്കാർ ധൃതിപിടിച്ച് അതിന്റെ ഭാഗമായത് മുഖ്യമന്ത്രി ഈ മാസം പത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്. എന്ത് ഡീലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉണ്ടാക്കിയതെന്ന് അറിയാൻ കേരളത്തിന് അവകാശമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അബിന്‍ കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം. അതിന് എന്താ കുഴപ്പം? കേരളത്തിൽ നിൽക്കട്ടെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിങ്കളാഴ്ചയാണ് തീരുമാനിച്ചത്. അബിന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. ഇതിനു പിന്നാലെ കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കണമെന്നും നേതൃത്വത്തോട് അഭ്യർഥിക്കുമെന്ന് അബിൻ വർക്കി മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ എംഎല്‍എ അല്ലേ, സഭയില്‍ വരും എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ധാർമിക പ്രശ്നം ഇടതുപക്ഷത്തിനാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, വി.ഡി. സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Kerala
കണ്ണൂർ: ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ എ ഗ്രൂപ്പ് നേതാക്കൾ പാലക്കാട്ട് യോഗം ചേർന്നതിന്റെ വിവരങ്ങൾ അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടനയെടുത്തത് ഉചിതമായ തീരുമാനമാണെന്നും പാലക്കാട്ട് എംഎൽഎ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.
ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലായിരുന്നു എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നത്. രാഹുൽ മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെ, അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായാണ് സൂചന.
വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
Kerala
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഉള്ളപ്പോഴും വ്യക്തിപരമായി എല്ലാവരുമായും നല്ല സൗഹൃദം പുലര്‍ത്തിയ വ്യക്തിയാണ് വിഎസെന്ന് അദ്ദേഹം അനുസ്മരിച്ചു.
വിഎസിന്റെ കുടുംബത്തോടും സിപിഎം നേതൃത്വത്തോടും അണികളോടും ദുഃഖം അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.
Kerala
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പി.ജെ.കുര്യൻ ലക്ഷ്യംവച്ചത് സംഘടനയുടെ ശാക്തീകരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പാർട്ടി കൂടുതൽ ശക്തമാകണമെന്ന് സീനിയർ കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു
യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ പോലീസിന്റെ അക്രമങ്ങൾ നേരിട്ടാണ് മുന്നോട്ട് പോകുന്നത്. ഈ പ്രതിസന്ധികളിലും സമരപരിപാടികൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിലമ്പൂരില്‍ പ്രചാരണത്തിന് പോകാഞ്ഞത് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂരിലേക്ക് ആർക്കും പ്രത്യേക ക്ഷണമില്ലായിരുന്നു. തരൂർ താരപ്രചാരകരുടെ പട്ടികയിൽ ഉണ്ടായിരുന്നെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.
എ.കെ.ആന്റണി ഒഴികെയുള്ള എല്ലാവരും നിലന്പൂരിൽ എത്തി. തെരഞ്ഞെടുപ്പ് സമയത്ത് തരൂർ വിദേശത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ പരിഗണിച്ചില്ലെന്ന തരൂരിന്റെ വാദം ശരിയല്ലെന്ന് വ്യക്തമാക്കി കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടിക വ്യാഴാഴ്ച തന്നെ പുറത്തുവന്നിരുന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമതായി തരൂരിന്റെ പേരുണ്ടായിരുന്നു.
ജൂൺ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയിലാണ് തരൂരിന്റെ പേരുമുള്ളത്. കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുൻഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്.
നിലമ്പൂരില്‍ പ്രചാരണത്തിന് പോകാത്തത് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന ദിവസം കൂടുതല്‍ പറഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ല. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ പറഞ്ഞിരുന്നു.